Wednesday, May 21, 2008

‘മുക്കിയ’ ധാര

ആദ്യം ഈ കവിത വായിക്കൂ:
മാതൃഭൂമി ആഴ്ചപതിപ്പ്
2008 മെയ് 25-31
(കവിത)
ദയവായി പരസ്യം പതിക്കരുത്.
-വേണു ഗോപാല്‍ ആര്‍

എന്റേയും എന്റെ പാവം ഭാര്യയുടെയും ഇടയില്‍
നാലു ബെഡ് റൂമും ചില്‍ഡ്രന്‍സ് പ്ലേ ഏരിയയുമുള്ള
ലക്ഷ്‌വറി ഫ്ലാറ്റിന്റെ പരസ്യം പതിക്കരുത്,പ്ലീസ്.

എന്റെയും ടീനേജ് മകളുടെയും ഇടയില്‍
ലോ വേസ്റ്റ് ടൈറ്റ് ഫിറ്റ് ഡെനിം ജീന്‍സിന്റെ
പരസ്യം പതിക്കരുത്, പ്ലീസ്.

എന്റെയും ഒന്‍പതു വയസ്സുള്ള മകന്റെയും ഇടയില്‍
അന്‍പതു ഗിയറുള്ള മൌണ്ടന്‍ അഡ്വഞ്ചര്‍ സൈക്കിളിന്റെ
പരസ്യം പതിക്കരുത്,പ്ലീസ്.

എന്റെയും ഒറ്റയ്ക്കായ അമ്മയുടെയും ഇടയില്‍
ഇന്‍-ഹൌസ് ഡോക്ടറുള്ള വൃദ്ധസദനത്തിന്റെ
പരസ്യം പതിക്കരുത്,പ്ലീസ്.
----------------------
--------------------
--------------------
ഞാന്‍ എങ്ങനെയൊക്കെയാണോ അങ്ങനെയൊക്കെതന്നെ
മുന്നോട്ടും പിന്നോട്ടുമില്ലാതെ
എന്റെ ഇന്നിങ്സ് കളിച്ചു തീര്‍ക്കട്ടെ
കൊമേര്‍ഷ്യല്‍ ബ്രേക്ക് ഇല്ലാതെ.

എങ്ങനെയുണ്ട് കവിത,ബ്ലോഗ് വായനക്കാരാ? മുക്കിയധാര മുക്കിയധാര എന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം.
എത്ര സദുദ്ദേശ്യപരമായാണ് ഈ കവിത രചിക്കപ്പെട്ടിരിക്കുന്നത്.ഇക്കാലത്ത് കവിതയ്ക്ക് സമൂഹത്തോട് കടപ്പാടില്ല,സാമൂഹ്യപ്രശ്നങ്ങളോട് കവിത പ്രതികരിക്കുന്നില്ല എന്നൊക്കെ പറയുന്ന വങ്കന്‍‌മാര്‍ക്കു നേരെ ഇതാ നിങ്ങളന്വേഷിച്ച സാധനം എന്നു നീട്ടുകയല്ലേ മലയാളത്തിലെ മുഖ്യ ‘മുക്കിയ’ ധാര പ്രസിദ്ധീകരണം.
ഇത്തരം മുക്കലുകളെ പ്രകീര്‍ത്തിക്കാനും ആഘോഷിക്കാനുമൊക്കെ ആളുണ്ടാവും.എന്റേം ഭാര്യേന്റേം എടേല്‍ പരസ്യം പതിക്കരുത്,എന്റേം അമ്മച്ചീടേം എടേല്‍ പരസ്യം പതിക്കരുത്,എന്റേം അപ്പാപ്പന്റേം എടേല്‍ പരസ്യം പതിക്കരുത്... ഹായ് ഹായ് എന്തൊരു കവിത!!!
കമേഴ്സ്യല്‍ ബ്രേക്കുകള്‍ ഇല്ലാതെ നമുക്ക് സങ്കല്പിക്കാനാവാത്ത ക്രിക്കറ്റുമായി കണക്റ്റു ചെയ്താണ് ഈ കവിത അവസാനിക്കുന്നത്.
അവിടെയാണ് കവിയുടെ പ്രതിഭ കണ്ട് നാം അന്തം വിട്ടു പോകുന്നത്...
എന്റെ ഇന്നിങ്സ് കളിച്ചു തീര്‍ക്കട്ടെ
കൊമേര്‍ഷ്യല്‍ ബ്രേക്ക് ഇല്ലാതെ...

കണ്ടോ..കണ്ടോ ‘കളിക്കാനുള്ള ആര്‍ത്തി’ എന്നൊന്നും നിങ്ങളീ കവിയെ കളിയാക്കല്ലേ.പരസ്യങ്ങളോടുള്ള ഒരു കവിയുടെ പ്രതിഷേധമായിട്ടോ, എന്നെ പ്രലോഭിപ്പിക്കരുതേ എന്നുള്ള വിലാപമായിട്ടോ ഇതിനെ വായിക്കാന്‍ നിങ്ങള്‍ക്കെന്താ ഇനിയും പറ്റാത്തെ...?